ട്രംപിന്റെ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ; 40 രാജ്യങ്ങളുമായി ചര്‍ച്ച
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയ തീരുമാനം പ്രാബല്യത്തിലായതോടെ, നഷ്ടം മറികടക്കാന്‍ മറുതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി 40 ഓളം രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. വസ്ത്രോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍. ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാണ്ട് ആറ് ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടെക്‌സ്റ്റൈല്‍സിന് പുറമെ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍, തോല്‍ ഉത്പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്തും. ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. തീരുവ വര്‍ധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുന്ന നഷ്ടം ഏകദേശം 4800 കോടി ഡോളര്‍ ( 4.21 ലക്ഷം കോടി രൂപ) ആണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര വ്യാപാര മന്ത്രാലയം വ്യവസായ പ്രമുഖരുമായും വ്യാപാര പ്രതിനിധികളുമായും വിദഗ്ദരുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഉത്പന്ന വിപണി വിവിധ രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ച് വിപുലീകരിക്കാനാണ് നീക്കം. ഇതോടൊപ്പം രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.